Tuesday, January 30, 2007

അറിയാതെ പൊഴിയുന്ന പൂക്കള്‍

അറിയാതെ പൊഴിയുന്ന പൂക്കള്‍
‘മോനെണീറ്റോ’ ഉമ്മ വാതിലില്‍ ചെറുതായി തട്ടി വിളിച്ചു.

അയാള്‍ വാച്ചെടുത്തു നോക്കി. സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു. രണ്ടു മൂന്നു ദിവസത്തെ ഉറക്കമിളക്കലും പിന്നെ യാത്രയുടെ ക്ഷീണവും കൂടെയായപ്പോള്‍ നേരം വെളുത്തത് അറിഞ്ഞില്ല. അലാറത്തിന്‍റെ മണിയൊച്ചയില്ലാതെ സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തില്‍ മതിമറന്ന് ഉറങ്ങിപ്പോയി.

വാതില്‍ തുറന്ന് പുറത്ത് വന്നപ്പോള്‍ ചായയും കൊണ്ടുമ്മ മുന്നില്‍ നില്‍ക്കുന്നു. തിളങ്ങുന്ന കണ്ണുകളില്‍ ഉമ്മാടെ വാത്സല്യം കവിഞ്ഞൊഴുകുന്നത് അയാള്‍ക്ക് കാണാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ മനംകുളിര്‍ക്കേ കാണുകയായിരുന്നു ഉമ്മ. ഉമ്മയെ ചേര്‍ത്തു നിറുത്തിയപ്പോള്‍ താരാട്ടിന്‍റെ ഈണമയാളില്‍ പെയ്തിറങ്ങി. അപ്പുറത്ത് കസേരയിലിരിക്കുന്ന ഉപ്പ പത്രവായന നിറുത്തി ഇത് കണ്ട് നിര്‍വൃതിയടയുന്നത് അയാള്‍ കണ്ടു.

‘പല്ല് തേക്കാണ്ട് ചായ കുടിക്കണ സ്വഭാവൊന്നും പഠിച്ചിട്ടില്ലെന്‍റുമ്മോ’
ചായക്കപ്പ് ഉമ്മാടേന്ന് വാങ്ങി തിണ്ണയില്‍ വെച്ചുകൊണ്ടയാള്‍ ഉപ്പാടെ കസേരയുടെ അടുത്ത് തറയിലിരുന്നു. ഉപ്പാടെയും ഉമ്മാടേയും മുഖങ്ങളിലേക്കായാള്‍ മാറി മാറി കൌതുകത്തോടെ നോക്കി. അവര്‍ക്കിടയില്‍ മൌനം വാചാലമാവുന്നത് അയാളറിഞ്ഞു. ഇതെല്ലാം നഷ്ടപ്പെടുത്തി ഇത്രയും വര്‍ഷങ്ങള്‍ തനിക്കെങ്ങിനെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. അയാളത്ഭുതപ്പെട്ടു.

‘ന്നാ... മോന് ചെന്ന് കുളിച്ച് വാ... ഉമ്മ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്’.
‘എന്തിനാ ചൂടാക്ക്യേത്, ഞാന്‍ പടിഞ്ഞാറേലെ കുളത്തീന്ന് കുളിച്ചോളാം’ അയാള്‍ പറഞ്ഞു.
‘നല്ല കാര്യായി, ഇപ്പോ കന്നാലീനെ കുളിപ്പിക്കാനല്ലാണ്ട് ആരും അതിലെറങ്ങാറില്ല’ ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷെ, ഉമ്മാടെ കൈകളില്‍ കിടന്ന് നീന്തല്‍ പഠിച്ച കുളത്തിന്‍റെ അവസ്ഥ കേട്ട് അയാള്‍ക്ക് ചിരിക്കാനായില്ല.

‘മോനെന്താ രാവിലെ കഴിക്കാറ്‘ മകന്‍റെ രുചിക്കൊത്ത് ഒരുക്കാന്‍ ‍പറ്റില്ലേ എന്ന ആവലാതി ഉമ്മാക്ക് അയാള്‍ക്ക് ചിരിവന്നു. ‘ന്‍റുമ്മാ... ങ്ങള് പണ്ട് ഉണ്ടാക്കിയിരുന്നതൊക്കെ തന്നെ മതി’ അത് കേട്ടുമ്മാക്ക് സമാധാനമായി. കുളിയെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറുമ്പോള്‍ ഉപ്പ പറഞ്ഞു. ‘വല്ലിമ്മാടെ അടുത്ത് പോയിട്ട് മതി വേറെങ്ങെട്ടും’. വല്ലിമ്മാടെ ഓര്‍മ്മകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.

നേരെ അയല്പക്കത്തേക്ക് നടന്നു... അവനെണീറ്റോ ആവോ! ഇന്നലെ തന്നെയും കൂട്ടി എയര്‍പോര്‍ട്ടില്‍ നിന്നും വരുമ്പോള്‍ ഒത്തിരി വൈകിയിരുന്നല്ലോ. അയാളുടെ ധാരണ തെറ്റിയില്ല. പുതപ്പ് വലിച്ചെടുത്തപ്പോള്‍ അവന്‍ പറഞ്ഞു ‘നിന്‍റെ പഴേ സ്വഭാവൊന്നും മാറീട്ടില്ലെടാ...’ അതൊരു കോമ്പ്ലിമെന്‍റായി തോന്നി അയാള്‍ക്ക്.

‘വേഗം കുളിച്ച് റെഡ്യാവ്വ്’
‘എങ്ങട്ടാ രാവിലെന്നെ’
‘വല്ലിമ്മാടെ കബറിങ്ങല് പോണം’

കുളിച്ച് റെഡിയായി അവന്‍ ബൈക്കിന്നടുത്തേക്ക് നീങ്ങി.
‘വണ്ട്യൊന്നും വേണ്ടെടാ... തോട്ട് വക്കീക്കൂടെ നടന്നാ പോരേ’
‘ആ വഴിയൊക്കെ ഇപ്പോണ്ടോന്നെന്നേ അറില്ല... ഞാന്‍ ബൈക്കിലാ പള്ളീ പോവാറ്’
‘നമുക്കെന്തായാലും നടക്കാം’

അമ്പലകുളത്തിന്‍റെ അരികിലൂടെയുള്ള വരമ്പിന്‍റെ വീതി നന്നേ കുറഞ്ഞിരിക്കുന്നു. തെന്നി വീഴാതെ നടക്കാനിത്തിരി പാട് പെട്ടു. പണ്ട് മതില്‍കൊമ്പ് ചാടി തിമിര്‍ത്ത് കുളിച്ചിരുന്ന അമ്പലകുളത്തിന്‍റെ കടവിലെ ബോര്‍ഡ് കണ്ട് അയാളിലൊരു നെടുവീര്‍പ്പുയര്‍ന്നു. ചെണ്ടമേളവും കതിനയൊച്ചകളും പീപ്പിവിളികളും വളകിലുക്കങ്ങളും കൊണ്ട് മുഖരിതമായിരുന്നു അയാളുടെ മനസ്സപ്പോള്‍.

തോട്ട് വക്കിലെ വഴി പുല്ലും തൊട്ടാവാടിയും കൊണ്ട് നിറഞ്ഞിരുന്നു. ചാഞ്ഞ് കിടന്നിരുന്ന പനച്ചോത്തിന്‍റെ മുള്ളുകള്‍ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചത് കുശലമന്വേഷിക്കാന്‍ ആയിരുന്നോ! ചപ്പും ചവറും നിറഞ്ഞ വഴിയിലൂടെ കൊണ്ട് വന്നതിന്‍റെ അതൃപ്തി കൂട്ടുകാരന്‍ മറച്ചു വെച്ചില്ല.

‘ഈ ഗള്‍ഫീന്ന് വരുന്നോരുടേ ഓരോ വട്ട്’ ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.
‘കൊറച്ച് കാലം നാട് വിട്ട് നിക്ക്, അപ്പോ അറിയാം ഈ വട്ടെന്താന്ന്’.

പഴകി ദ്രവിച്ച മുട്ടിപ്പാലത്തിലൂടെ ഒരുവിധത്തിലാണ് അക്കരെ കടന്നത്. ഇതിലേ വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ‘ഇപ്പോ മത്യായില്ലേ’ എന്നൊരു ഭാവം കൂട്ടുകാരന്‍റെ മുഖത്ത്.

പഞ്ചായത്ത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ എതിരെ വന്ന രൂപത്തില്‍ അയാളുടെ കണ്ണുടക്കി. മുഷിഞ്ഞ വേഷം, പാറിക്കിടക്കുന്ന ചെമ്പന്മുടി, ക്ഷൌരം ചെയ്യാത്ത മുഖത്തിലാണ്ടുപോയ കണ്ണുകള്‍, കഴുത്തിലും തിരികി വെച്ച ഷര്‍ട്ടിന്‍റെ കയ്യിന്ന് താഴേയും കറുത്ത ചരടില്‍ കെട്ടിയ ഏലസ്സുകള്‍. അടുത്തെത്തിയപ്പോല്‍ ആ രൂപം നിന്നു. വരണ്ട ചുണ്ടിലൊരു ചിരി വരുത്തി, പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു...

‘ഒരു പത്തുറുപ്പ്യ വേണം’

എന്ത് ചെയ്യണമെന്ന ചോദ്യഭാവേന അയാള്‍‍ കൂട്ടുകാരനെ നോക്കി. ‘കൊടുക്കേണ്ട’ എന്നര്‍ത്ഥത്തില്‍ അവന്‍ കണ്ണിറുക്കി. ആ രൂപത്തെ കടന്ന് പോരുമ്പോള്‍ പിന്നില്‍ നിന്നും വ്യക്തമാവാത്ത ചില പിറു പിറുക്കലുകള്‍ പിന്തുടരുന്നുണ്ടായിരുന്നു.

‘നിനക്കവനെ മനസ്സിലായോ’ അയാളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ കൂട്ടുകാരന്‍ ചോദിച്ചു.
‘ശരിക്കും മനസ്സിലായില്ല... ന്നാലും മൊഖപരിചയം തോന്നണ്ട്’
‘നിനക്കുപോലും അവനെ മനസ്സിലായില്ലേ!’ കൂട്ടുകാരന്‍റെ മുഖത്ത് സഹതാപം.
‘നമ്മടെ ശ്രീക്കുട്ടനെ നീയോര്‍ക്കുന്നോ’
‘നാണ്യേട്ത്തീടെ മോന്‍...!’ അയാള്‍ അത്ഭുതം കൂറി.

എന്തേ അവനേപ്പറ്റി താനിതുവരെ ഒന്നും ചോദിച്ചില്ല. തങ്ങളുടെ ഉറ്റസുഹൃത്തായിരുന്ന ശ്രീക്കുട്ടനെയെന്തേ താന്‍ മറന്നു പോയേ! ഒരേ മനസ്സുപോലെ കഴിഞ്ഞിരുന്ന മൂന്നുപേര്‍... എന്നിട്ടും!

‘അതെ, അവനെന്തിനാപ്പോ കാശ് ചോദിച്ചതെന്ന് മനസ്സിലായാ’
കൂട്ടുകാരന്‍റെ ചോദ്യമയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി... ഇല്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.

‘കഞ്ചാവ് വേടിക്കാന്‍...’

അയാളാകെ തരിച്ചു പോയി. തങ്കളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരന്‍! അവനാണാ പോയതെന്ന് എങ്ങിനെ വിശ്വസിക്കും. അല്ലെങ്കിലൊരു ബീഡിപോലും വലിക്കാതിരുന്ന അവന്‍ കഞ്ചാവിനാണ് കാശ് ചോദിച്ചതെന്ന് എങ്ങിനെ മനസ്സിനെ വിശ്വസിപ്പിക്കും. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ശ്രീക്കുട്ടന്‍. അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ തങ്ങള്‍ രണ്ടുപേരുമായിരുന്നു. എന്തിനും ഏതിനും ഒന്നിച്ച് ആയിരുന്നെങ്കിലും, തങ്ങള്‍ രണ്ട് പേരുടേയും വില്ലത്തരങ്ങള്‍ക്ക് മനസ്സില്ലാ മനസ്സോട് കൂടിയാണ് ശ്രീക്കുട്ടന്‍ കൂട്ട് നില്‍ക്കാറ്. പിടിക്കപ്പെടുന്ന ഘട്ടങ്ങളില്‍ അവന്‍റെ പേര് പറയാതെ തങ്ങളും അവനോട് നീതിപുലര്‍ത്തിയിരുന്നു.

ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട അവന്‍റെ കുടുംബം നാണ്യേട്ത്തി കൂലിപ്പണിയെടുത്താണ് പുലര്‍ത്തിയിരുന്നത്. പഠിപ്പിനിടയിലും കിട്ടുന്ന ചില്ലറ പണികളെടുത്ത് അമ്മക്ക് ഒരു താങ്ങാവാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. തങ്ങളുടെയൊക്കെ മാതാപിതാക്കള്‍ ശാസിക്കുമ്പോള്‍ പറയാറുണ്ട് ‘നിങ്ങടെ പോലെ തന്നെല്ലേ ആ നാണീടെ ചെക്കനും, കണ്ട് പഠിക്ക്’. നാട്ടുകാര്‍ക്കെല്ലം അവനെ അത്രയ്ക്കിഷടമായിരുന്നു. പിന്നീട്, സമ്പത്തീക ബുദ്ധിമുട്ടുകള്‍ കാരണം പഠനം തുടരാവാനാവാതെ വന്നപ്പോള്‍ ‘കല്ലൊര’ പഠിക്കാന്‍ പോയി. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ പണിയില്‍ മിടുക്കനായി. ആ കുടുംബം ശരിക്കും പച്ചപിടിച്ചു.

ഗള്‍ഫിലെത്തിയിട്ടും കത്തുകളിലൂടെ തങ്ങള്‍ക്കിടയിലെ സൌഹൃദം തുടര്‍ന്നുകൊണ്ടിരുന്നു, ശ്രീക്കുട്ടന്‍ ബോംബേക്ക് പോകുന്നത് വരെ. അവിടെ ചെന്നിട്ടും അവനെഴുതിയിരുന്നു... പിന്നീടെപ്പോഴോ അതില്ലാതായി. പക്ഷേ, അവനെ ഇങ്ങിനെ ഒരവസ്ഥയില്‍ കണേണ്ടി വരുമെന്ന് സ്വപ്നേപി അയാള്‍ കരുതിയിരുന്നില്ല.

‘എന്തുപറ്റിയെടാ നമ്മടെ ശ്രീക്കുട്ടന്’

‘ബോംബേയില്‍ ജോലി ചെയ്യുന്ന കാലത്താണെന്ന് തോന്നുന്നു ബീഡിവലി അവന് ഒരു ശീലമായിത്തീര്‍ന്നത്. ഒരിക്കല്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാര്‍ ഒരു രസത്തിന് വേണ്ടി അവനറിയാതെ ബീഡിയില്‍ നിറച്ച കഞ്ചാവായിരുന്നു അവന്‍റെ ജീവിത താളം തെറ്റിച്ചത്. പിന്നീട് അറിഞ്ഞുകൊണ്ട് തന്നെ അവനതാവര്‍ത്തിച്ചു. വളരെ പെട്ടെന്ന് തന്നെ അതിനടിമയായി തീര്‍ന്ന അവന്‍ മയക്കുമരുന്നുകളുടെ ലോകത്തേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. എങ്ങിനേയോ തെണ്ടിത്തിരിഞ്ഞ് നാട്ടിലെത്തി. ആ പാവം നാണ്യേട്ത്തി പറ്റാവുന്ന വിധത്തിലൊക്കെ ചികിത്സിച്ചു നോക്കി... ഒരു കാര്യവുമുണ്ടായില്ല’.

‘ഇപ്പോ‍ പണിക്കൊന്നും പോക്കില്ല... എവിടെന്നേങ്കിലും എരന്ന് കഞ്ചാവിനുള്ള കാശുണ്ടാക്കും’.

കൂട്ടുകാരന്‍ നിസംഗതയോടെ പറഞ്ഞവസാനിപ്പിച്ചു.

നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍, ഒരു മങ്ങിയ രൂപം അകലേക്ക് നടന്നു നീങ്ങുന്നതയാള്‍ നനഞ്ഞ മിഴികള്‍ക്കിടയിലൂടെ കണ്ടു.

30 comments:

മുസ്തഫ|musthapha said...

“അറിയാതെ പൊഴിയുന്ന പൂക്കള്‍"
കഥയല്ല... ചില അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് മാത്രം!

Rasheed Chalil said...

അഗ്രജാ... താങ്കളുടെ തികച്ചും വ്യത്യസ്തമായ പോസ്റ്റ് തന്നെ. നോവുന്ന മനസ്സുമായി ഞാനും നോക്കിനിന്നിട്ടുണ്ട് ഇത്തരം കാഴ്ചകള്‍.

നാട്ടില്‍ ചെന്ന് നല്ലൊരു മഴകണ്ണുമ്പോള്‍ പോലും ഈ വാചകം പറയാതെ പറയുന്നത് കേട്ടിട്ടുണ്ട്.
“ഈ ഗള്‍ഫീന്ന് വരുന്നോരുടേ ഓരോ വട്ട്“


അസ്സലായിരിക്കുന്നു കെട്ടോ...

തേങ്ങ വരവു വെച്ചേക്കണം

സു | Su said...

അറിയാതെ പൊഴിയുന്ന പൂക്കള്‍...

സുല്‍ |Sul said...

അഗ്രജാ,

വളരെ വ്യത്യസ്തമായ പോസ്റ്റ്. കഥാപാത്രങ്ങള്‍ എല്ലാം കണ്മുമ്പിലൂടെ കടന്നുപോകുന്ന പോലെയുള്ള അവതരണം. താങ്കളുടെ നല്ല പോസ്റ്റുകളുടെ കൂടെ ഇതും.

നന്നായിരിക്കുന്നു.

-സുല്‍

Rasheed Chalil said...

അച്ചര പിശാശ് :

നാട്ടില്‍ ചെന്ന് നല്ലൊരു മഴകണ്ണുമ്പോള്‍ എന്നത് നാട്ടില്‍ ചെന്ന് നല്ലൊരു മഴകാണുമ്പോള്‍ എന്ന് തിരുത്തി വായിക്കണേ.

വല്യമ്മായി said...

നല്ല വിവരണം.കുറച്ച് കൂടെ ഗൌരവമായ എഴുത്ത്.

(നാളെ ബ്രെക്ഫാസ്റ്റിന് അതിഥികള്‍ ഉള്ളത് കൊണ്ട് തേങ്ങയടിക്കാന്‍ തികഞ്ഞില്ല)

സൂര്യോദയം said...

നാട്ടിലെത്തുമ്പോഴുള്ള വികാര വിചാരങ്ങളും, കൂട്ടുകാരനെക്കുറിച്ചുള്ള നൊമ്പരവും നന്നായി വിവരിച്ചിരിക്കുന്നു...

ഏറനാടന്‍ said...

ലയിച്ചിരുന്ന് വായിച്ചു. ഞാനും ആ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.. പെട്ടെന്ന് അവസാനിച്ചതുപോലെ.. ഹൃദ്യമായ കഥ..

Adithyan said...

“ഈ ഗള്‍ഫീന്ന് വരുന്നോരുടേ ഓരോ വട്ട്“

:)

പ്രവാസിയുടെ മടക്കത്തിലെ ചിട്ടകള്‍ അസ്സലായി പറഞ്ഞിരിക്കുന്നു.

Raghavan P K said...

നട്ടിലെ ഇന്നത്തെ അവസ്ഥ ഇതാണ്‍.ബീഡിയിലും ബീഡായിലും തുടങി അവസാനം വീട്ടിനും നാട്ടിനും ഉപയോഗമില്ലാതെ കുറെ മനുഷ്യാത്മാക്കള്‍‌.

Areekkodan | അരീക്കോടന്‍ said...

ശ്രീക്കുട്ടന്‍ നടന്നു മറയുന്നതും നോക്കി നില്‍ക്കുന്ന രണ്ടുപേര്‍ ഇപ്പോളും മനസ്സില്‍,അല്ല കണ്മുന്നില്‍....അസ്സലായിരിക്കുന്നു വിവരണം....

asdfasdf asfdasdf said...

നന്നായിരിക്കുന്നു അഗ്രജാ..

sreeni sreedharan said...

ഏച്ചുകെട്ടലുകള്‍ ഇല്ലാത്ത എഴുത്ത്!
വളരെ നന്നായി വിവരിച്ചിരിക്കുന്നൂ...
അല്ലെങ്കിലും അനുഭവ വിവരണങ്ങള്‍ക്ക് തീക്ഷ്ണത കൂടുതലായിരിക്കും.
ശ്രീക്കുട്ടനെ ഈശ്വരന്‍ രക്ഷിക്കട്ടെ!

“വട്ട്” കൊള്ളാം.
:)

തമനു said...

പനച്ചോത്തിന്‍റെ മുള്ളുകള്‍ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചത് കുശലമന്വേഷിക്കാന്‍ ആയിരുന്നോ!


ആയിരുന്നിരിക്കും, അല്ലെങ്കില്‍ വെറുതെ അങ്ങനെ ഒന്ന്‌ വിശ്വസിക്കാന്‍ പോലും എന്തൊരു സുഖമാണ്. ഹൃദയത്തില്‍ തൊട്ട വരികള്‍

നല്ല എഴുത്ത്‌. വായിക്കാന്‍ വളരെ താമസിച്ചു പോയി.

ഒരിക്കലും മറക്കില്ലെന്ന്‌ കരുതിയ ഒത്തിരി കൂട്ടുകാര്‍ ഇപ്പോള്‍ വല്ലപ്പോഴും പോലും മനസില്‍ കടന്നു വരാറില്ല. ഇന്ന്‌ ഞാനൊന്നോര്‍ത്തെടുക്കട്ടെ കുറേപ്പേരെയങ്കിലും.

അഭിനന്ദനങ്ങള്‍.

മുസ്തഫ|musthapha said...

“അറിയാതെ പൊഴിയുന്ന പൂക്കള്‍“

രണ്ടാം ഇമാറാത്ത് ബ്ലോഗ് മീറ്റ്, ഡല്‍ഹി ബ്ലോഗ് മീറ്റ്, കൊച്ചി ബ്ലോഗ് മീറ്റ് - ഈ മീറ്റുകളുടെ തിരക്കിനിടയില്‍ (കമന്‍റ് മഴക്കിടയില്‍) ഞെരുങ്ങിപ്പോയ ഒരു പോസ്റ്റ് (09-11-2006 ന് പബ്ലീഷ് ചെയ്തത്) ഞാന്‍ റീ പബ്ലീഷ് ചെയ്യുന്നു :)

സദയം സഹിക്കുമല്ലോ :)

Unknown said...

അഗ്രജാ,
നന്നായിരിക്കുന്നു.

ഇടിവാള്‍ said...

നല്ല വിവരണം.. അഗ്രൂസ് !

മുസ്തഫ|musthapha said...

ഈ പോസ്റ്റ് ആദ്യം പബ്ലീഷ് ചെയ്തപ്പോള്‍ വായിച്ചഭിപ്രായം രേഖപ്പെടുത്തിയ...

ഇത്തിരിവെട്ടം
സു
സുല്‍
വല്യമ്മായി
സൂര്യോദയം
ഏറനാടന്‍
ആദി
രാഘവേട്ടന്‍
അരീക്കോടന്‍
കുട്ടമ്മേനോന്‍

എന്നിവര്‍ക്കും, പിന്നീട് അടുത്തയിടെ വായിച്ചഭിപ്രായം രേഖപ്പെടുത്തിയ...

പച്ചാളം
തമനു
പൊതുവാളന്‍
ഇടിവാള്‍

എന്നിവര്‍ക്കും, പിന്നെ വായിച്ച എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു :)

Mubarak Merchant said...

അമ്പലക്കൊളത്തിന്റെ മുന്നിലെ ബോര്‍ഡില്‍ എന്താണെഴുതിയിരുന്നതെന്ന് വ്യക്തമാക്കണം.
പോസ്റ്റിന്റെ ഗുണമേന്മയെക്കുറിച്ച് വര്‍ണ്ണിക്കുന്നില്ല. സൂപ്പര്‍.

paarppidam said...

നന്നായിരിക്കുന്നു. വ്യത്യസ്ഥത ഫീല്‍ ചെയ്യുന്നു.വായനക്കാരനെ നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മകളിലേക്ക്‌ കൊണ്ടുപോകുന്നു...

sandoz said...

അഗ്രൂ,
ഇപ്പോഴാ ഇത്‌ കണ്ടത്‌.
'ടച്ചിംഗ്‌'

രാവിലേ സുല്ലിന്റെ പായസം കുടിക്കണ പടം കണ്ടത്‌ കൊണ്ട്‌ തോട്ടു വക്കിലെ മാഷിന്റെ നടത്തം ഞാന്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി.

മുസ്തഫ|musthapha said...

ഇക്കാസ്: അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം.

‘പെണ്ണുങ്ങളുടെ കുളക്കടവിലേക്ക് നോക്കരുത്’ എന്ന ബോര്‍ഡല്ലേ നീ ഉദ്ദേശിച്ചത് :)

എസ്.കുമാര്‍: വിലയേറിയ അഭിപ്രായത്തിന് നന്ദി അറിയിക്കട്ടെ :)

സാന്‍ഡോസ്: അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം.

സുല്ലിന്‍റെ പാരക്കൊരു മറുപാര തേടിക്കൊണ്ടിരിക്കുന്നു :)

ഒ.ടോ: എന്‍റെ കൊള്ളാവുന്ന ഒരു ഫോട്ടോ ആരെങ്കിലും ഇട്ടെങ്കിലെന്‍റെ കപ്പലു കയറിയ മാനം ഒന്ന് തിരിച്ചു പിടിക്കായിരുന്നു :)

സുല്‍ |Sul said...

“സുല്ലിന്‍റെ പാരക്കൊരു മറുപാര തേടിക്കൊണ്ടിരിക്കുന്നു :) “

തേടി തേടി ഞാനലഞ്ഞു
പാടി പാടി ........
...............
........ ആശകളായ്.

-സുല്‍

തറവാടി said...

എന്‍റ്റെ തുടക്കത്തിന്‌ ഒരു ചെറിയ വ്യത്യാസം , ആദ്യം കുട്ടന്‍ നായരുടെ വീട്ടിലേക്ക് , അമ്മയുടെ കയ്യില്‍ നിന്നും ഒരു കാപ്പി

പിന്നെ അമ്മുകുട്ടിയമ്മയുടെ അടുത്തേക്ക് ( കുട്ടന്‍ നായരുടെ സഹോദരി) അവിടേന്ന് ഒരു ദോശയും ചട്ട്ണിയും , പത്രമില്ലാതെ ( അതാ പണ്ടത്തെ ശീലം)

പിന്നെ പഴയകാല ചരിത്രം അമ്മയുമായി അപ്പോഴേക്കും ഉമ്മാടെ വിളി ഇതാണ്‌ പതിവ്‌

ഇനി ഒരു കാലത്ത്‌ ഇതായിരുന്നു പതിവെ എന്ന് തിരുത്തേണ്ടി വരും കാരണം

കഴിഞ്ഞ തവണ സ്വന്തം വീട്ടില്‍ കുടിയിരുന്ന് ഏകദേശം ഒരു മാസത്തോളം താമസിച്ചപ്പോള്‍ അയല്‍ വാസി ( പേരറിയില്ല) യുടെ വീട്ടില്‍ പോയതു രണ്ടു തവണ ,

ആദ്യം പാലുകാച്ചലിനു ക്ഷണിക്കാന്‍ , പിന്നീട്‌ യാത്രപറയാനും

കൂടുതല്‍ പറയെണ്ടല്ലോ!!

നല്ല വിവരണം അഗ്രജാ , പാലത്തിഊടെ നടന്നപ്പോള്‍ തട്ടാന്‍റ്റെ മകന്‍ മോഹനനെ ഓര്‍മ്മവന്നു ,

ഒപ്പം സൈക്കിള്‍ ടയര്‍ ഉരുട്ടിക്കളിച്ച , സ്കൂളുകളില്‍ പോകുമ്പോള്‍ എന്നും തല്ലുകൂടിക്കാന്‍ മിടുക്കനായ , സ്കൂളില്‍ നിന്നും വന്നാല്‍ വീണ്ടും ഒപ്പം കളിച്ചുരുന്ന , പിന്നീട് കന്ചാവിന്‍റ്റെ ലഹരിയിലേക്ക് പോയ , തട്ടാന്‍ മോഹനനെ......

വിചാരം said...

നല്ല വിവരണം
കഥ അഥവാ സത്യം വല്ലാത്ത നൊമ്പരമുണ്ടാക്കി അതിനുകാരണം ഒരു പക്ഷെ ചില സമാനതകള്‍ നിറഞ്ഞ ഒരു സംഭവവുമായി ഒത്തിരി ബന്ധം ഉണ്ടായതു കൊണ്ടാവാം
പൊന്നാനി ഏ.വി.ഗ്രൌണ്ടിലെ 1995 കാലത്തെല്ലാം നല്ലൊരു ഫുട്ബാള്‍ കളിക്കാരനായിരുന്നു അജുട്ടന്‍ എന്ന അജിത് കുമാര്‍, വളരെ പാവപ്പെട്ട കുടുംബത്ത് ജനിച്ചത് കൊണ്ട് വിദ്യാഭ്യാസം അത്ര ശോഭനമായിരുന്നില്ല, വാര്‍ക്ക പണിക്കും മറ്റും ദിനങ്ങള്‍കൊടുവില്‍ ഇത്തിരി നേരമ്പോക്കായിരുന്നു കൂട്ടമായിരുന്നു സൊറപറച്ചിലും ഫുട്ബാള്‍ കളിയും ..
5 വര്‍ഷത്തെ പ്രവാസത്തിന്‍റെനൊടുവില്‍ കിട്ടിയ ഒഴിവ് ആസ്വദിക്കാന്‍ വീണ്ടും നാട്ടിലെത്തിയപ്പോള്‍ ഏ.വി ഗ്രൌണ്ടില്‍ മാറ്റങ്ങളുടെ ഒരു നിര തന്നെ ഫുട്ബാളിന് പകരം ക്രിക്കറ്റ് അതിനേക്കാല്‍ വലിയ മാറ്റങ്ങള്‍ ചങ്ങാതിമാരില്‍ പലര്‍ക്കും അതിലൊരാള്‍ അജുട്ടനും ... കള്ളിനും കഞ്ചാവിനും അടിമയായിരിക്കുന്നു പഴയ ചങ്ങാതിമാരില്‍ നിന്നെല്ലാം അകന്ന് അവന്‍റേതായ ഒത്തിരി പുതിയ ചങ്ങാതിമാര്‍, എന്നില്‍ നിന്നവന് വേണ്ടത് ഒരു കുപ്പി .. കുപ്പി വിരോധിയായ ഞാന്‍ ആ ആവശ്യം അംഗീകരിച്ചില്ല പക്ഷെ ബിരിയാണ് എനിക്ക് സമ്മതമായിരുന്നു, എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത കൂട്ട് കെട്ടിലവന്‍ അമര്‍ന്നിരുന്നു ഞാനും അകന്നു
വിണ്ടും മൂന്ന് വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് ആ ദുരന്തം ഞാന്‍ അറിഞ്ഞത് .. കഞ്ചാവിന് അടിമയായ അജുട്ടന്‍ തികച്ചും ഭ്രാന്തനായി മാറിയിരുന്നു, ശബ്ദം അവന് കേട്ടുകൂടാ എന്തെങ്കിലും ശബ്ദം ഉച്ചത്തില്‍ കേട്ടാല്‍ പെട്ടെന്നവന്‍ ആക്രമിയാകും, ഒരു നാള്‍ ഞങ്ങളുടെ തന്നെ ചങ്ങാതിയായ ബിനോയ് (ഇപ്പോള്‍ ദുബായിയില്‍) അവന്‍റെ പുറകെ നിന്ന് സൈക്കിള്‍ ബെല്ലടിച്ചതിന് അജുട്ടന്‍ ബിനോയിയെ രണ്ട് വീക്ക് വീക്കി പാവം ബിനോയ് വീട്ടില്‍ ചെന്ന് അച്ചനെ വിളിച്ച് അജുട്ടനെ വീട്ടിലേക്ക് എത്തുമ്പോഴേക്കും ( വെറും 20 മിനുറ്റുന്നുള്ളില്‍) അജുട്ടനെ എടുത്ത് കിടത്തിയിരുന്നു എന്തോ സ്വയം കുറ്റബോധത്താലായിരിക്കണം അജുട്ടന്‍ സ്വന്തം പുരയുടെ കൈകോലില്‍ ജീവിതം അവസാനിപ്പിച്ചു

ബഹുവ്രീഹി said...

അഗ്രജന്‍ മാഷെ,

പോസ്റ്റ് നന്നായി.പക്ഷെ വിഷമിപ്പിക്കുന്നു.

“വിചാര“ ത്തിന്റെ അനുഭവവും.

Unknown said...

അഗ്രജേട്ടോ,
കഞ്ചാവീസിഞ്ചൂറിയസ്റ്റുഹെല്‍ത്ത്! :-(

മുസ്തഫ|musthapha said...

തറവാടി: അതെ, ഇതും സമാനമായ അനുഭവം തന്നെ. അറിഞ്ഞോ അറിയാതേയോ ജീവിതം തുലച്ചു കളഞ്ഞവര്‍.

വിചാരം: നീ പങ്കുവെച്ച അനുഭവം ശരിക്കും നൊമ്പരപ്പെടുത്തി.

ബഹുവ്രീഹി: അതെ, വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ.

ദില്‍ബാസുരന്‍: അതെ ദില്‍ബൂ, ചിലര്‍ ഒരു രസത്തിനു വേണ്ടി തുടങ്ങി അതിലൊടുങ്ങി തീരുന്നു.

വായിച്ച, അഭിപ്രായം പങ്ക് വെച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി രേഖപ്പെടുത്തട്ടെ.

വേണു venu said...

നിങ്ങടെ പോലെ തന്നെല്ലേ ആ നാണീടെ ചെക്കനും, കണ്ട് പഠിക്ക്’. നാട്ടുകാര്‍ക്കെല്ലം അവനെ അത്രയ്ക്കിഷടമായിരുന്നു.
പാവം..

അഗ്രജന്‍ ഭായീ ,
പോസ്റ്റെനിക്കിഷ്ടമായി. അയാളെ, നിങ്ങള്‍ തിരിച്ചറിഞ്ഞില്ലല്ലോ എന്ന ദഃഖം എന്നെ അലട്ടുന്നു.
വിധി കോറിയിടുന്ന കാര്‍ടൂണ്‍ കഥാപാത്രമായി ഒടുങ്ങേണ്ടി വന്ന, കഞ്ചാവിനോ മയക്കു മരുന്നുകള്‍ക്കോ അടിമയാവാതിരുന്നവരേയും എനിക്കീ പോസ്റ്റിലൂടെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞു.
പിന്നെ. ഞാനും പ്രവാസി തന്നെ.
തേങ്ങ കണ്ടിട്ടു്, ഇതെന്നത്തും കായു് എന്നു ചോദിച്ച ആദ്യ പ്രവാസിയും,
ഇവിടിപ്പൊഴും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒക്കെ ഉണ്ടോ എന്നു ചോദിച്ച ആദ്യ ഗള്‍ഫുകാരനും, ആണു്,മഴ കാണുന്ന പ്രവാസിയോടു്..ഇങ്ങനെ ചോദിപ്പിച്ചതെന്നു തോന്നുന്നു.
“നാട്ടില്‍ ചെന്ന് നല്ലൊരു മഴകാണുമ്പോള്‍ പോലും ഈ വാചകം പറയാതെ പറയുന്നത് കേട്ടിട്ടുണ്ട്.
“ഈ ഗള്‍ഫീന്ന് വരുന്നോരുടേ ഓരോ വട്ട്“ “
നല്ല പ്രദിപാദനം അഗ്രജന്‍ ഭായീ.

പ്രിയ said...

എല്ലാ നാട്ടിലും ഉണ്ടല്ലേ ശ്രീകുട്ടനെ പോലെ ചിലര്‍. എന്റെ നാട്ടിലും

അഗ്രജന്‍ മാഷേ,പാച്ചോത്തിനെ കാണാന്‍ വന്നതാണേലും കേള്‍ക്കാന്‍ ഇനിയും എന്തോ കൂടെ ബാക്കി നില്‍ക്കുന്നെന്ന ഒരു ഫീലിംഗ്...