Thursday, June 28, 2007

ഫ്രീ ലിഫ്റ്റും മുഖമൂടിമുക്കും

ഫ്രീ ലിഫ്റ്റ് എനിക്കൊരു ദൌര്‍ബല്യമായിത്തുടങ്ങിയത് വടക്കേക്കാടുള്ള ടെക്സ്റ്റയില്‍ ഷോപ്പില്‍ ജോലിക്ക് നില്‍ക്കുന്ന സമയത്തായിരുന്നു.

ബസ്സ് കിട്ടാതെ വലഞ്ഞ ഒരു ദിവസം, അന്നായിരുന്നു ഒരു ബൈക്കുകാരനു മുന്നില്‍ ആദ്യമായി ഇത്തിരി വൈക്ലബ്ബ്യത്തോടെ കൈ നീട്ടേണ്ടി വന്നത് (ഇനി ഈ പോസ്റ്റില്‍ ഒരിടത്തും വൈക്ലബ്ബ്യം എന്ന വാക്ക് ആവര്‍ത്തിക്കുന്നതല്ല... പിന്നെ അതുണ്ടായിട്ടില്ല). ആ നല്ല മനുഷ്യന്‍ എന്നെ ലക്ഷ്യസ്ഥാനം വരെ എത്തിക്കുകയും ചെയ്തു. പക്ഷെ സത്യത്തില്‍ അയാള്‍ അതിലെ പോകുന്ന മറ്റ് ബൈക്ക് യാത്രക്കാര്‍ക്ക് ഒരു പാര നിര്‍മ്മിക്കുകയായിരുന്നു!

കുറഞ്ഞ കാലം കൊണ്ടു തന്നെ ‘മുഖമൂടിമുക്ക്‘ വഴി രാവിലെ പോകുന്ന പല ബൈക്ക് യാത്രക്കാരും എന്‍റെ ‘ഗഡി’കളായിക്കഴിഞ്ഞു.

ജോലി കഴിഞ്ഞ് തിരിച്ച് വരുന്നത് രാത്രിയായതിനാല്‍ ലിഫ്റ്റ് പിടുത്തം നടക്കാറില്ല. എങ്കിലും എന്‍റെ മുതലാളിയോടും മറ്റ് കൂട്ടുകാരോടും കത്തി വെക്കാന്‍ വേണ്ടി കടയിലെത്തുന്ന എന്‍റെ അയല്‍ ഗ്രാമക്കാരനായ ഒരു സുഹൃത്ത് വരുന്ന ദിവസങ്ങളില്‍ ഞാന്‍ അവന്‍റെ ബൈക്കിലാണ് തിരിച്ച് പോവാറ്. അല്ലാത്ത ദിവസങ്ങളില്‍ 7:30 നുള്ള ബസ്സില്‍ പോവാറുള്ള ഞാന്‍ അവന്‍ വരുന്ന ദിവസങ്ങളില്‍ പത്ത് മണിയൊക്കെ കഴിഞ്ഞാവും പോവുക. പരസ്പരമുള്ള തോട്ടിയിടലും കളിയാക്കലും തന്നെയാണ് കത്തിവെപ്പിലെ മുഖ്യ അജണ്ട.

എന്തായാലും അന്നത്തെ ദിവസം മുഖ്യ ഇര എന്നെ ബൈക്കില്‍ മുഖമൂടിമുക്ക് വരെ കൊണ്ട് വിടാറുള്ള ബൈക്കുകാരന്‍ സുഹൃത്തായിരുന്നു. സാധാരണ പോലെ ഞാനും കളിയാക്കുന്നതിലെ എന്‍റെ റോള്‍ നന്നായി നിര്‍വ്വഹിച്ചിരുന്നു. ഷോപ്പെല്ലാം പൂട്ടി ഞങ്ങള്‍ പോന്നു. മുഖമൂടിമുക്കിന് തൊട്ട് മുമ്പാണ് അവന്‍റെ വീടെങ്കിലും മുഖമൂടിമുക്ക് വരെ അവനെന്നെ കൊണ്ടുവിടാറുണ്ട്.

പക്ഷെ, അന്ന് അവന്‍ യാതൊരു ദയാദാക്ഷീണ്യവും ഇല്ലതെ എന്നെ അവന്‍റെ വീടിനടുത്ത് ഇറക്കി വിട്ടു. കളിയാക്കലിലെ എന്‍റെ റോളാണ് ഇങ്ങിനെ ഒരു തീരുമാനത്തിന് അവനെ പ്രേരിപ്പിച്ചതെന്ന് എനിക്ക് പെട്ടെന്ന് കത്തി. അവന്‍ എന്നെ അവിടെ ഇറക്കി വിട്ടതിനേക്കാളും എന്നെ ഞെട്ടിച്ചത് ഇനിയെനിക്ക് കടന്നു പോകേണ്ട ‘മുഖമൂടിമുക്കി‘നെ കുറിച്ചോര്‍ത്തപ്പോഴാണ്!

ഇന്ന് പലരും അഞ്ഞൂര്‍ റോഡ് എന്ന് വിളിക്കുന്ന ‘മുഖമൂടിമുക്കി‘ന് ആ പേര് വന്നതിന്‍റെ കാരണം ആ പേരില്‍ തന്നെയുണ്ട്. ഇവിടെ ഒരു കാലത്ത് മുഖമൂടികളുടെ ആക്രമണം നടന്നിരുന്നുവത്രേ. ആ സംഘത്തിലെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് കുട്ടിക്കാലത്ത് പറഞ്ഞ് കേട്ടിരുന്നു. കച്ചവടമെല്ലാം കഴിഞ്ഞ് മടങ്ങുന്നവരെ പതിയിരുന്നാക്രമിച്ചിരുന്ന മുഖമൂടികളെ പറ്റി വല്ലിമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷെ ഈ മുഖമൂടികളെല്ലാം ചരിത്രത്തിലേക്ക് മറഞ്ഞിട്ടും മുഖമൂടിമുക്കിലെ ഭീതിതമായ അന്തരീക്ഷം മാറിയിട്ടില്ല. മുഖമൂടിമുക്കില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് വടക്ക് വശത്ത് ഉയര്‍ന്ന് നില്‍ക്കുന്ന കടലായി മനയും കാട് പിടിച്ച് കിടക്കുന്ന അതിന്‍റെ പരിസരവും പിന്നെ ഈ പരിസരത്തെ കറക്കക്കാരായ യക്ഷി, ഗന്ധര്‍വ്വന്‍, ഒടിയന്‍, പൊട്ടി (വഴി തെറ്റിക്കുന്ന ഒരിനമാണത്രേ), ചാത്തന്‍ ... അച്ചുതണ്ട് ശക്തികളും. പിന്നെ ആവേശം മൂത്ത് ‍കെട്ടിത്തൂങ്ങിയ ചിലരുടെ കിടപ്പാടം നഷ്ടപ്പെട്ട ആത്മാക്കളുടെ വിഹാര രംഗവും.

പോരാത്തതിന് തൂങ്ങിച്ചാവുന്നവരുടെ ആശാകേന്ദ്രവും അതില്‍ വിജയിച്ചവരുടെ ആവാസ കേന്ദ്രവുമായ പഴയ പോസ്റ്റോഫീസ് കെട്ടിടം... , എത്ര നന്നാക്കിയാലും എന്നും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡും... പണ്ട് കാലത്ത് മുഖമൂടികളുടെ ആക്രമണത്തിന് വിധേയരായവരുടെ ശാപമാണത്രേ റോഡിന്‍റെ ആ ഭാഗം ഇപ്പോഴും ഇങ്ങനെ കുണ്ടും കുഴിയും നിറഞ്ഞ് കിടക്കാന്‍ കാരണം പോലും - ആ റോഡില്‍ വെച്ചല്ലേ അവര്‍ ആക്രമിക്കപ്പെട്ടത് - ശാപം കിട്ടേണ്ട റോഡ് തന്നെ. എല്ലാം കൂടെ ആ പരിസരം ഏറ്റുമാനൂര്‍ ശിവകുമാറിന്‍റെ നോവലിലെ അന്തരീക്ഷത്തിനോടടുത്ത് വരും..

ഈ ഭാഗത്ത് കൂടെയാണ് ഇനി എനിക്ക് കടന്ന് പോവേണ്ടത്. എങ്ങിനെയെങ്കിലും അവന്‍റെ കാല് പിടിച്ച്. ‘എടാ ഒന്നവിടം വരെ വിട്ടു താടാ... പറഞ്ഞതെല്ലാം ക്ഷമീ... ‘ എന്നൊക്കെ പറയണമെന്നുമുണ്ട്. അങ്ങിനെ പറയുന്നതിലൊന്നും ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. പക്ഷെ എനിക്ക് പേടി കാരണമാണ് അത് എന്നവനറിയുന്നത് എനിക്ക് അംഗീകരിക്കാന്‍ മനസ്സ് വരുന്നില്ല. അവസാനം രണ്ടും കൽപ്പിച്ച് അവന്‍റെ ബൈക്കില്‍ നിന്നും ഇറങ്ങി നടന്നു.

സമയം രാത്രി പത്ത് മണി ആണെങ്കിലും എനിക്കത് നട്ടപ്പാതിര പോലെ തോന്നിച്ചു. മനപ്പറമ്പിലെ ഇലഞ്ഞിമരം പൂത്തുലഞ്ഞ മണം... ചീവീടുകളുടെ കാറല്‍... പറന്നുയരുന്ന വവ്വാലുകളുടെ ചിറകടി ശബ്ദം... മറന്ന് കിടന്നിരുന്ന പ്രാര്‍ത്ഥനകളും സ്ത്രോത്രങ്ങളും ഞാനറിയാതെ തന്നെ എന്‍റെ ചുണ്ടുകളില്‍ നിന്നും വിലാപസമാനമായി ഉതിര്‍ന്ന് കൊണ്ടിരുന്നു. ഇടം വലം പിറക് വശങ്ങളിലേക്ക് തിരിഞ്ഞ് നോക്കി ആഞ്ഞ് നടന്നു - മേൽപ്പറഞ്ഞ പോസ്റ്റോഫീസ് വരെ. ഇനിയങ്ങോട്ട് നീങ്ങാന്‍ മനസ്സ് കുതിക്കുന്നുണ്ടെങ്കിലും എന്‍റെ കാലുകള്‍ക്ക് ആ ആവേശമൊന്നുമില്ല. ദൈവമേ... ഇപ്പോ എന്നെ ഒരു പട്ടി കടിക്കാനോടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍!

ഒരു മനുഷ്യജീവി പരിസരത്തെങ്ങുമില്ല... ഉണ്ടായാലും കാണാന്‍ പറ്റാത്തത്രയും ഇരുട്ടും. ഭയാനകമായ അന്തരീക്ഷം... മുകളില്‍ പറഞ്ഞ അച്ചുതണ്ട് ശക്തികളൊന്നും തന്നെ പ്രത്യക്ഷപ്പെടണമെന്നില്ല, ആ സമയത്ത് ഉണങ്ങിയ ഒരു തെങ്ങിന്‍പട്ട വീണാല്‍ പോലും ദുര്‍മരണമടഞ്ഞ് അവിടെ വിലസുന്നവരുടെ ക്ലബ്ബില്‍ ഞാനും മെമ്പറാകും.

അപ്പോള്‍ ഞാനൊരു ഇരമ്പല്‍ കേട്ടു!

പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്നൊരു വാഹനമാണത്. അതിന്‍റെ വെളിച്ചവും അടുത്തടുത്ത് വന്നു - അതൊരു ലോറിയായിരുന്നു. എന്‍റെ വിറയാര്‍ന്ന പ്രാര്‍ത്ഥനകള്‍ ഗുണം കണ്ടു. ആ വെളിച്ചത്തില്‍ നടന്നു തുടങ്ങിയ എന്നേയും കടന്ന് അത് പോയപ്പോഴാണ് ഞെട്ടലോടെ ഞാനോര്‍ത്തത് ഈ വെളിച്ചം കൂടെ പോയിക്കഴിഞ്ഞാല്‍...!

പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല... ലോറിയുടെ പിറകെ ഞാനോടി... നൂറ് മീറ്ററില്‍ പങ്കെടുക്കുന്നവന്‍റെ കുതിപ്പോടെ, അതിനാവാത്തവന്‍റെ കിതപ്പോടെ.

റോഡിലെ കുണ്ടുകള്‍ ലോറിയുടെ വേഗത കുറപ്പിച്ചു...

കാള്‍ലൂയീസും ബെന്‍ജോണ്‍സനും കണക്കേ ലോറിയും ഞാനും ഫിനിഷിംഗ് ലൈന്‍ കടന്നു... ലോറി കിഴക്കോട്ടുള്ള റോഡിലേക്കും ഞാന്‍ തെക്കോട്ടുള്ള റോഡിലേക്കും തിരിഞ്ഞു...

മുഖമൂടിമുക്കിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിനോടെനിക്ക് ആദ്യമായി ഇഷ്ടം തോന്നി...

ലിഫ്റ്റ്പിടുത്തം ഉപേക്ഷിച്ചില്ലെങ്കിലും ലിഫ്റ്റ് തരുന്നവനെ കളിയാക്കില്ല എന്നൊരുറച്ച തീരുമാനം ലിഫ്റ്റ്പിടുത്തത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച മുഖമൂടിമുക്കില്‍ വെച്ച് തന്നെ ഞാന്‍ എടുത്തു.

എങ്കിലും ഇടയ്ക്കൊക്കെ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്, എന്നെങ്കിലും അവനൊരു ലിഫ്റ്റ് കൊടുക്കണമെന്നും എന്നിട്ട് മുഖമൂടിമുക്കില്‍ ഇറക്കി വിടണമെന്നും!

28 comments:

മുസ്തഫ|musthapha said...

ഒരു ചെറിയ അനുഭവം നീട്ടിവലിച്ചെഴുതിയിരിക്കുന്നു... സഹിക്കുക - എന്നോട് പൊറുക്കുക :)

Unknown said...

അഗ്രജാ :)
ഇവിടൊരു കാഞ്ഞിരോടന്‍ തേങ്ങ ഠേ......

നന്നായിട്ടുണ്ട്.

‘മുകളില്‍ പറഞ്ഞ അച്ചുതണ്ട് ശക്തികളൊന്നും തന്നെ പ്രത്യക്ഷപ്പെടണമെന്നില്ല, ആ സമയത്ത് ഉണങ്ങിയ ഒരു തെങ്ങിന്‍പട്ട വീണാല്‍ പോലും ദുര്‍മരണമടഞ്ഞ് അവിടെ വിലസുന്നവരുടെ ക്ലബ്ബില്‍ ഞാനും മെമ്പറാകും.‘

എന്തൊരു ധൈര്യം ???!!.....

സമ്മതിച്ചിരിക്കുന്നു.

Rasheed Chalil said...

കൊള്ളാം അഗ്രൂ...

പുതിയ ഇരയെ പിടിക്കുന്ന വിധം: ആദ്യദിവസം എന്‍റെ വക ഒരു പുഞ്ചിരി... ബൈക്കുകകരന്‍ പുഞ്ചിരിക്കുന്നതോടൊപ്പം തന്നെ ബൈക്കിന്‍റെ സ്പീഡൊന്ന് കുറച്ചിരിക്കും. രണ്ടാം ദിവസം ഞാന്‍ പുഞ്ചിരിക്കൊപ്പം എന്‍റെ കൈ കൂടെ നീട്ടുന്നു. ബൈക്കുകാരന്‍ പുഞ്ചിരിക്കൊപ്പം വണ്ടി നിറുത്തിയിരിക്കും... ഒരു മാതിരിപ്പെട്ടവരൊക്കെ ഈ കെണിയില്‍ വീഴാറുണ്ട്.

ഈ ലിഫ്റ്റ് പിടിയന്‍ തന്ത്രം തന്നെയാണൊ അഗ്രൂ കമന്റ് പിടിയന്‍ തന്ത്രമാക്കി മാറ്റിയത്.

ഞാന്‍ ഓടിയിരിക്കുന്നു...

വിചാരം said...

എടാ... അഗ്രൂ, നീ രക്ഷപ്പെടും ഇതങ്ങാനും മംഗളക്കാരും, മനോരമക്കാരും വായിച്ചിരുന്നെങ്കില്‍.. എന്നെ പോലുള്ളവരുടെ മുന്‍പില്‍ ചെകുത്താന്‍ നേരിട്ടു വന്നാലും, ചെകുത്താന്‍ പേടിച്ചോടുമുള്ളതുകൊണ്ട് മുഖമൂടി മുക്ക് ഒരു മുക്കേ അല്ല.
( ചെകുത്താനേക്കാള്‍ വലിയ ചെകുത്താനാണ്... ആര്?)

Visala Manaskan said...

"മുകളില്‍ പറഞ്ഞ അച്ചുതണ്ട് ശക്തികളൊന്നും തന്നെ പ്രത്യക്ഷപ്പെടണമെന്നില്ല, ആ സമയത്ത് ഉണങ്ങിയ ഒരു തെങ്ങിന്‍പട്ട വീണാല്‍ പോലും ദുര്‍മരണമടഞ്ഞ് അവിടെ വിലസുന്നവരുടെ ക്ലബ്ബില്‍ ഞാനും മെമ്പറാകും"

രസായിട്ടുണ്ട് ട്ടാ. ആളങ്ങ് പുലിയായിപ്പോയല്ലോ! വെരി ഗുഡ്. വെരി ഗുഡ്.

സുല്‍ |Sul said...

lദൈവമേ... ഇപ്പോ എന്നെ ഒരു പട്ടി കടിക്കാനോടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍!“

ഹഹഹ
വിയം പറഞ്ഞപോലെ ജ്ജ് പുലിയായല്ല്.
(എനിക്കെന്തുകൊണ്ട് നീ പാരവെക്കുന്നില്ല എന്നിപ്പോള്‍ മനസ്സിലായി. ആ ഉറച്ചതീരുമാനം ഉറച്ചു തന്നെ നില്‍ക്കട്ടെ !)
-സുല്‍

അബ്ദുല്‍ അലി said...

അഗ്രൂജീ,
ഇത്‌ കലക്കി, അതാവാം പിന്നിട്‌, ഞാന്‍ ഡിസന്റാ, ഞാന്‍ ഡിസന്റാ എന്ന് പറയാനുള്ള കാരണം അല്ലെ.

asdfasdf asfdasdf said...

ഇപ്പോ എന്നെ ഒരു പട്ടി കടിക്കാനോടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍!.. രസായിട്ടുണ്ട് അഗ്രു..

സാല്‍ജോҐsaljo said...

പേടിക്കണം.!

ഒരു ദിവസം ലിഫ്റ്റ് ചോദിച്ചതിന് ഒരാള്‍ എനിക്കു ബൈക്കു തന്നു!

“ഓടിച്ചോ ഞാന്‍ ഇവിടെയിരുന്നോളാം ബാക്കില്‍..“

ഓക്കെ താങ്കള്‍ ഫിറ്റാണില്ലെ?

ഓടിച്ചു.

..........

വൃത്തികെട്ടവന്‍!

അടുത്ത സ്റ്റോപ്പില്‍ അയാളുടെ മൂക്കിടിച്ചു പരത്തി, ബൈക്കും ചവിട്ടിക്കൂട്ടി ഡെല്‍ഹിപ്പോലീസ് വരുന്നതിനു മുന്‍പ് ഓടി...

അന്നെനിക്ക് ദെല്‍ഹിയില്‍ വീടില്ലാരുന്നേല്‍ അങ്ങു കേരളം വരെ ഞാന്‍ ഓടിയേനെ.!

തറവാടി said...

അഗ്രജാ ,

പണ്ട് , ബൈക്കുള്ളവരോടൊക്കെ വല്ലാത്ത ഒരു താത്പര്യമായിരുന്നു , പ്രത്യേകിച്ചും സ്കൂളില്‍ പഠിക്കുന്ന സമയത്ത് :)


എഴുത്തൊന്നുകൂടി കുറുക്കാമായിരുന്നു :)

വല്യമ്മായി said...

ഈ പോസ്റ്റെന്തോ ചില പഴയ പോസ്റ്റുകളുടെ അതേ വിഷയമായി തോന്നി ഉദാ:ഹനുമാന്‍.പ്രത്യേകിച്ചും അവസാനം ഭാഗം.ആദ്യഭാഗം നന്നായി.

G.MANU said...

അഗ്രജാ..നടന്ന ഒരു സംഭവം പറയാം..ഇത്‌ വായിച്ചപ്പോ ഓര്‍ത്തതാണു..

ബ്രിജ്‌.വിഹാറിലെ ഒരു തകര്‍പ്പന്‍ കഥാപാത്രവും എണ്റ്റെ സുഹൃത്തുമായ വേണുക്കുട്ടനു പറ്റിയതു. ധവളക്കുവയിലെ ജോലികഴിഞ്ഞു ബൈക്കില്‍ പറന്നു വരുന്ന ഒരു സായംസന്ധ്യ.. ഒരു കിളിന്തു പെണ്‍കൊടി ഹിച്‌ ക്യാച്‌ സൈന്‍ കാണിക്കുന്നു. അയ്യപ്പാ ഇതു സത്യമോ അതോ മിഥ്യയോ എന്ന് കണ്‍ഫോം ചെയ്തു അവളെ ഒന്നു കാണിക്കാന്‍ വേണ്ടി വണ്ടി അറഞ്ഞു ഒന്ന് റെയിസ്‌ ചെയ്ത്‌ ആഞ്ഞു പിടിച്ചു നിര്‍ത്തി..ഗട്ടറായ ഗട്ടറ്‍ ഒക്കെ തിരഞ്ഞുപിടിച്ച്‌ വണ്ടി മാക്സിമം ഇളക്കിയോടിച്ചു. മൂന്നു ക്‌.മി. കഴിഞ്ഞപ്പോള്‍ ചോദിച്ചു.."നിനക്ക്‌ എവിടെയ ഇറങ്ങണ്ടത്‌" പെണ്ണിണ്റ്റെ ഭാവം മാറി.."അതു നീ തീരുമാനിക്ക്‌.." ഒരു നക്ഷത്ര മഗ്ദലനം ആണു പിറകില്‍ ഇരിക്കുന്നത്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ടെന്‍ഷന്‍ കൂടി.. "പെങ്ങളെ ഞാന്‍ ഭാര്യയും ഒരു കുട്ടിയുമുള്ള സദാചാരിയാണു എന്നു പറഞ്ഞപ്പോള്‍ അവള്‍ "ഞാനിപ്പോള്‍ വിളിച്ച്‌ ആളെക്കൂട്ടണോ അതോ മുന്നൂറു രൂപ തരുന്നോ"

അപ്പു ആദ്യാക്ഷരി said...

അഗ്രജാ നന്നായിട്ടുണ്ട്.
പ്രത്യേകിച്ച് കഥയുടെ ട്വിസ്റ്റ്...

ഓ.ടോ. പിന്മൊഴിയില്ലെങ്കിലും വായനക്കാരുണ്ടെന്ന് മനസ്സിലായില്ലേ? :-)

ഉറുമ്പ്‌ /ANT said...

ullathu paranjal uriyum chirikkum....

ithra boran ezuthu aadyamaa khamichu vaayikkunnathu......

comenters pls keep justice to the writter.......

മുസ്തഫ|musthapha said...

പൊതുവാള്: കാഞ്ഞിരോടന്‍ തേങ്ങയ്ക്ക് നന്ദി - ഈ പോസ്റ്റ് എഴുതാന്‍ കാണിച്ച ധൈര്യമാണോ ഉദ്ദേശിച്ചത് :)

ഇത്തിരിവെട്ടം: നന്ദി - അങ്ങിനേം പറയാം :)

വിചാരം: നന്ദി - എടാ ആത്മപ്രശംസ നന്നല്ലാട്ടോ :)

Visala Manaskan: നന്ദി വിശാലാ... പുലീന്ന് മാത്രം വിളിക്കരുത് :)

Sul | സുല്‍: നന്ദി - നിന്‍റെ ടൈമിംഗ് ശരിയല്ലാത്തോണ്ടല്ലേ... അല്ലെങ്കില്‍ എന്നേ വെച്ചേനെ പാര :)

അബ്ദുല്‍ അലി : നന്ദി ബീരാനിക്ക - ഞാന്‍ പണ്ടേ ഡീസന്‍റാ :)

കുട്ടമ്മേനൊന്‍::KM: നന്ദി കുട്ടമ്മേനോന്‍ :)

സാല്‍ജോ+saljo: ഹഹഹ... സാല്‍ജോയുടെ കമന്‍റ് വായിച്ച് കുറേ ചിരിച്ചു :)

തറവാടി: നന്ദി - എനിക്കും തോന്നി നീളം കൂടിയെന്ന :)

കുറുക്കാന്‍ ഇതെന്താ കൂവ്വപ്പൊടിയോ :)

വല്യമ്മായി: ചില പ്രയോഗങ്ങളായിരിക്കാം അങ്ങിനെ തോന്നിപ്പിച്ചതെന്ന് കരുതുന്നു - നന്ദി :)

G.manu: ഹഹ... പാവം കൂട്ടുകാരന്‍ :)

അപ്പു: നന്ദി അപ്പു :)
ഓ.ടോ ക്ക് സ്പെഷ്യല്‍ സ്മൈലി :)

sheeba: എന്നെ തല്ലേണ്ടമ്മാവാ... ഞാന്‍ നന്നാകൂലാ - നന്ദി :)

മഴത്തുള്ളി said...

അഗ്രജാ,

ആ ലോറി വന്നില്ലായിരുന്നെങ്കിലുള്ള അവസ്ഥ എനിക്കൂഹിക്കാന്‍ പറ്റും.

സമയം രാത്രി പന്ത്രണ്ട് മണി. പാല പൂത്തുലഞ്ഞ മണം... ചീവീടുകളുടെ കാറല്‍... പറന്നുയരുന്ന വവ്വാലുകളുടെ ചിറകടി ശബ്ദം... :)

എനിക്ക് അടുത്ത പോസ്റ്റിനുള്ള വഴിയായി :)

അഞ്ചല്‍ക്കാരന്‍ said...

"സമയം രാത്രി പത്ത് മണി ആണെങ്കിലും എനിക്കത് നട്ടപ്പാതിര പോലെ തോന്നിച്ചു. മനപ്പറമ്പിലെ ഇലഞ്ഞിമരം പൂത്തുലഞ്ഞ മണം... ചീവീടുകളുടെ കാറല്‍... പറന്നുയരുന്ന വവ്വാലുകളുടെ ചിറകടി ശബ്ദം.”

ആ വഴിക്കും ഒന്നു പിടിക്കാനുള്ള സ്കോപ്പൊണ്ട്. അതേയ് അത് തന്നെ, ബൂ ലോകത്തെ കിടിലം കൊള്ളിക്കാന്‍ ഒരു അപസര്‍പ്പകന്‍ അഗ്രജന്‍.

ഒന്നും കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നുന്നു. ഭാവുകങ്ങള്‍.

Siju | സിജു said...

:-)

തറവാടി said...

കൂവ്വപ്പോടി കുറുക്കിയാല്‍ കട്ടയാകും,
എഴുത്ത് കുറുക്കിയാല്‍ വായന കൂടുതല്‍ ആസ്വാദ്യമാകും.

ഓ:ടോ : ഏത്ര വലിയ പുലിയായാലും പറയാനുള്ളത് ഞാന്‍ പറഞ്ഞിരിക്കും , :)

മുസ്തഫ|musthapha said...

മഴത്തുള്ളി: നന്ദി - അതെ ആ ലോറി വന്നില്ലാരുന്നെങ്കില്‍ ഈ പോസ്റ്റിന്‍റെ ഗതി തന്നെ മാറുമായിരുന്നു :)

അഞ്ചല്‍കാരന്‍: ഇപ്പോ ഉള്ളത് കൊണ്ടുള്ള ആള്‍കാരുടെ പിരാക്ക് തന്നെ അത്യാവശ്യത്തിനുണ്ട് ഇനി അപസര്‍പ്പകന്‍ കൂടെയായിട്ട്... :)
ശരിയാ എനിക്കും തോന്നി നീളവും പറച്ചിലും ഒരുപാട് കൂടിയെന്ന് - നന്ദി :)

Siju | സിജു : നന്ദി :)

തറവാടി : അടുത്ത പോസ്റ്റ് കാച്ചിക്കുറുക്കാം :)

ഓ:ടോ എന്നെകുറിച്ചാല്ലാത്തോട് നോ കമന്‍റ് :)

:: niKk | നിക്ക് :: said...

ആ സംഘത്തിലെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ...


അതിലൊരു സംശയവുമില്ല ;)

അഗ്രജോയ് പൂയ് :P

sandoz said...

അഗ്രജാ..പൂയ്......
ആ ലിഫ്റ്റ് തന്നവന്‍‍ സകല ഷാപിലും കേറിയിറങി ...സകല തൂണിനോടും കഥ പറഞ് നേരം വെളുപ്പിക്കാതെ മുഖമ്മുടിയിലെങ്കിലും എത്തിച്ചില്ലേ....അവനോട് നന്ദി പറ ആദ്യം......

എന്റെ പുറകിലെങ്ങാം കേറിയിരുന്നേല്‍ എവിടാ എത്തുകായെന്ന് എനിക്ക് തന്നെ പറഞ്ഞ് തരാന്‍ പറ്റില്ലാ..

ഏറനാടന്‍ said...

ഈ മുഖം മൂടിമുക്കിലേക്ക്‌ ഏത്‌ ബസ്സീല്‌ കേറണം? കോട്ടക്കല്‍ ചങ്കുവെട്ടിമുക്കില്‍ നിന്നാമതിയാവുമോ? അപസര്‍പ്പകകഥയിലെ ദേശം പോലെ തോന്നിച്ചു എന്റെ അഗ്രജന്‍ ഭായ്‌... കീപ്പിറ്റപ്പ്‌..

ശ്രീ said...

അഗ്രജേട്ടോ....

വിവരണം കലക്കി....
ആ മാന്യദേഹത്തെ അതു പോലൊരു രാത്രി (അമാവാസി ദിവസം തന്നെ ആയ്ക്കോട്ടെ) അതേ സ്ഥലത്ത് ഇറക്കി വിട്ടാല്‍‌ മതി. (പക്ഷേ, ബൈക്ക് നിറയെ പെട്രോളടിയ്ക്കാന്‍‌ മറക്കണ്ട, കേട്ടോ. അയാള്‍‌ പോയ്ക്കഴിഞ്ഞ് വണ്ടിയുടെ പെട്രോളും കൂടി തീര്‍‌ന്നാല്‍‌ അതും ഉന്തിക്കൊണ്ടു നടക്കേണ്ടി വരും. അതേ വഴിയിലൂടെ. അപ്പോ, ലോറി വന്നാല്‍‌ പോലും രക്ഷയില്ല. അതും ഉന്തിക്കൊണ്ട് ഓട്ടം നടക്കില്ലല്ലോ)
:)

മുസ്തഫ|musthapha said...

:: niKk | നിക്ക് ::
ഹഹഹ... ആ ജീവിച്ചിരിക്കുന്നവനെ കൂക്കി വിളിച്ചത് എനിക്കിഷ്ടായി :)

sandoz: ഹഹഹ സാന്‍ഡോയുടെ പിറകിലാണെങ്കില്‍ മുഖമൂടിമുക്കിനെ പറ്റി വിവരിക്കേണ്ടി വരില്ലായിരുന്നു :)

ഏറനാടന്‍: ഹഹഹ അതെന്താ അവിടെ ലോക്കേഷന്‍ നോക്കാനുള്ള പരിപാടിയുണ്ടോ :)

ശ്രീ: ഫുള്‍ ടാങ്കടിച്ചേ അവനെ കേറ്റത്തുള്ളൂ :)

വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

അഭിലാഷങ്ങള്‍ said...

“....ആ സമയത്ത് ഉണങ്ങിയ ഒരു തെങ്ങിന്‍പട്ട വീണാല്‍ പോലും ദുര്‍മരണമടഞ്ഞ് അവിടെ വിലസുന്നവരുടെ ക്ലബ്ബില്‍ ഞാനും മെമ്പറാകും"
ഹ ഹ..അപാരധൈര്യം... ഭാഗ്യം അന്ന് ഒരു തെങ്ങിന്‍‌പട്ട പോലും വീണില്ലല്ലോ... വീണിരുന്നേല്‍ തന്നെ ആ ‌ക്ലബ്ബില്‍ അംഗമാവുമായിരുന്നു എന്നു തോനുന്നില്ല... ഷേപ്പ് ഒക്കെ അല്പം മാറി ആ മുഖം ഒക്കെ കുറച്ച് നന്നായേനേ... അല്ലേല്‍‌ ആശുപത്രി കിടക്കയില്‍ നിന്നു പുതിയ തിയറികള്‍‌ (ന്യൂട്ടന് ശേഷം ) രചിച്ചേനേ.. “അഗ്രജന്‍‌സ് തിയറി ഒഫ് തെങ്ങിന്‍‌പട്ട ആന്റ് ഗ്രാവിറ്റേഷന്‍‌“...അങ്ങിനെ വല്ലതും..അല്ലേ?

--അഭിലാഷ് (ഷാര്‍ജ്ജ)

മുസ്തഫ|musthapha said...

അഭിലാഷ്: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി :)
തുടര്‍ന്നും ഇതുപോലുള്ള കത്തികള്‍ സഹിക്കാന്‍ ശക്തിയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു :)

ബഷീർ said...

മുഖം മൂടി മുക്കിനെ കുറിച്ചുള്ള കഥകള്‍ ഒരു ഒന്നൊന്നര കഥകളായി ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു.

OT
കുര്‍ക്കാസ്‌ പടിയെ കുറിച്ച്‌ പോസ്റ്റൊന്നുമില്ലേ